അടുത്തിടെ സമൂഹമാധ്യമത്തിൽ ഏറ്റവും തരം​ഗമായ ​ഗാനം ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം അത് ബോണി എമ്മിന്റെ റാ റാ റാസ്പുടിൻ ആണെന്ന്. മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിൽ വച്ച് റാസ്പുടിൻ ​ഗാനത്തിന് വച്ച ചുവടുകൾക്ക് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇതിനിടയിൽ ഇരുവരുടേയും പേരുകളിൽ നിന്ന് വീഡിയോയ്ക്ക് മതം കലർത്താൻ ചിലർ ശ്രമിച്ചെങ്കിലും നിരവധി പേർ നവീനും ജാനകിക്കും പിന്തുണയുമായി എത്തി. ഇപ്പോഴിതാ നവീനും ജാനകിയും വീണ്ടും തരം​ഗമാക്കിയ റാസ്പുടിൻ ​ഗാനത്തിന് ചുവടുകളുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയുടെ മകൾ വേദ. 

മെഡിക്കൽ വിദ്യാർഥികൾ ധരിക്കുന്ന സ്ക്രബ്സിന് സമാനമായ വസ്ത്രം ധരിച്ചാണ് വേദ ചുവടുകൾ വെക്കുന്നത്. നവീനും ജാനകിയും അവതരിപ്പിച്ച അതേ ചുവടുകൾ പുനരവതരിപ്പിച്ചിരിക്കുകയാണ് വേദ. ഇനി വേദ റാസ്പുടിൻ നൃത്തം അവതരിപ്പിച്ചതിനു പിന്നിലും മറ്റൊരു കാരണമുണ്ട്. കോവിഡ്കാലത്ത് അഹോരാത്രം പ്രയത്നിക്കുന്ന ആരോ​ഗ്യപ്രവർത്തകർക്കാണ് വേദ തന്റെ നൃത്ത വീഡിയോ സമർപ്പിച്ചിരിക്കുന്നത്.