ആകാശത്തൂടെ വലിച്ചുകെട്ടിയിരിക്കുന്ന കേബിള്‍ കമ്പി, അതിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒരു വലിയ പാമ്പ്. ആ ദൃശ്യം കണ്ട് തരിച്ച് നില്‍ക്കുന്നവരും പരിഭ്രാന്തരായി ഓടുന്നവരും മൊബൈലില്‍ പകര്‍ത്താന്‍ നില്‍ക്കുന്നവരുമായ ഒരു വലിയ ആള്‍ക്കൂട്ടം. കേബിളിലെ പിടി നഷ്ടപ്പെട്ട പാമ്പ് പൊടുന്നനെ വീഴുന്നു. പിന്നെ കേള്‍ക്കുന്നത് കൂട്ടനിലവിളിയും ബഹളവും മാത്രം. ഇതിനിടയിലൂടെ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്ന കുറച്ച് ആളുകളും. ഇങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

കേള്‍ക്കുമ്പോള്‍ ഒരു ഹോളിവുഡ് സിനിമാരംഗം പോലെ തോന്നുമെങ്കിലും സംഗതി അതല്ല. ഫിലിപ്പീന്‍സിലെ ബോഹോളിലുള്ള ടഗ്ബിലാരന്‍ നഗരത്തിലാണ് ഇപ്പറഞ്ഞ സംഭവങ്ങളൊക്കെ അരങ്ങേറിയത്. ഒക്ടോബര്‍ 12-ാം തീയതി വൈകുന്നേരം ആറരയോടെയാണ് മാര്‍ക്കറ്റിലെ നിരത്തിന് മുകളിലൂടെ കടന്നുപോകുന്ന കേബിളില്‍ പാമ്പിനെ കണ്ടത്. അതോടെ എല്ലാവരും പാമ്പിന്റെ പിന്നാലെയായി. കേബിളില്‍നിന്നു താഴെ വീണ പാമ്പിനെ അവിടെ ഉണ്ടായിരുന്നവര്‍ തന്നെ പിടികൂടി സുരക്ഷിതമായ സ്ഥലത്ത് വിട്ടതോടെയാണ് രംഗം ശാന്തമായത്.