ഇച്ചാപ്പി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ശ്രീലക്ഷ്മിയുടെ ഹോം ടൂര്‍ വീഡിയോ യൂട്യൂബില്‍ വൈറലാവുകയാണ്. ഷീറ്റുകള്‍ വളച്ചു കെട്ടിയുണ്ടാക്കിയ കൊച്ചു വീട്ടില്‍ കറണ്ട് കണക്ഷനോ ഗ്യാസടുപ്പോ ഇല്ല. ചുവരുകളോ ടൈലിട്ടു മിനുസപ്പെടുത്തിയ നിലമോ ഇല്ല. മഴക്കാലത്ത് വീടിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുമെന്ന് പറയുമ്പോഴും അമ്മയുടെ പഴയ സാരി കൊണ്ട് മറച്ചു കെട്ടിയ തന്റെ മുറി പരിചയപ്പെടുത്തുമ്പോഴുമെല്ലാം ഇച്ചാപ്പിയുടെ മുഖത്ത് സന്തോഷവും കളിചിരികളും മാത്രം. 

ജീവിതത്തിലെ കുറവുകളിലും സന്തോഷം കണ്ടെത്തി ജീവിക്കാന്‍ കാഴ്ചക്കാര്‍ക്ക് പ്രചോദനമാവുകയാണ് ശ്രീലക്ഷ്മി. അഭിനന്ദനങ്ങള്‍ കൊണ്ടു നിറയുകയാണ് ഈ കൊച്ചുമിടുക്കിയുടെ യൂട്യൂബ് വീഡിയോയുടെ കമന്റ് സെക്ഷന്‍.