രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. മാസ്ക്കും സാമൂഹിക അകലവും സാനിറ്റൈസറുമൊക്കെ തുടക്കകാലത്തെന്നതുപോലെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഭോപ്പാലിൽ നിന്നുപുറത്തുവരുന്ന ഒരു വീഡിയോ ആണ് വൈറലാവുന്നത്. കോവിഡ് രോ​ഗിയേയും കൊണ്ടുപോകുന്ന ആംബുലൻസ് വഴിയോരത്തു നിർത്തി ജ്യൂസ് ഓർ‍ഡർ ചെയ്യുന്ന ആരോ​ഗ്യപ്രവർത്തകനാണ് വീഡിയോയിലുള്ളത്. രാജ്യം കോവിഡ് ഭീതിയിൽ വീണ്ടും അമരുമ്പോൾ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ളവരാണ് സാഹചര്യം വീണ്ടും വഷളാക്കുന്നതെന്ന് ഭൂരിഭാ​ഗം പേരും പറയുന്നു. 

സഹ്ദോൽ ജില്ലയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് നിൽക്കുന്ന ആരോ​ഗ്യപ്രവർത്തകൻ വഴിയോരത്തെ കടയിൽ നിന്ന് കരിമ്പിൻ ജ്യൂസ് ഓർഡർ ചെയ്യുകയാണ്. മുഖത്തെ മാസ്ക് താടിയിലേക്ക് താഴ്ത്തിവച്ചാണ് ആരോ​ഗ്യപ്രവർത്തകൻ നിൽക്കുന്നതെന്ന് വീഡിയോയിൽ കാണാം. നിങ്ങൾ കൊറോണ രോ​ഗിയെ കൊണ്ടു പോവുകയല്ലേ എന്നും മാസ്ക് നേരെയിടൂ എന്നും വഴിയിൽ നിൽക്കുന്നയാൾ ഇദ്ദേഹത്തോട് ചോദിക്കുന്നതും കേൾക്കാം. എന്നാൽ തനിക്ക് കൊറോണയില്ലെന്നും താൻ രോ​ഗിയെ കൊണ്ടുപോവുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് ആരോ​ഗ്യപ്രവർത്തകന്റെ മറുപടി. ആരോ​ഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള പത്തു സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.