മീൻപിടിത്തം ഹോബിയായിട്ടുള്ളവരുണ്ട്. ഇതിനിടയിലെ കാഴ്ചകൾ വ്ലോ​ഗായി അവതരിപ്പിക്കുന്നവരും ഇന്നേറെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോ ആണ്. മീൻവേട്ടയ്ക്കിടെ കിട്ടിയ മീനിന്റെ വയറ്റിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയതാണ് വീഡിയോയിലുള്ളത്. 

വലിയൊരു മീനിനെ ലഭിച്ച ആവേശത്തിനിടയിൽ അതിനെ വെട്ടിക്കീറുകയായിരുന്നു യുവാക്കൾ. അതിനിടയിലാണ് മീനിന്റെ വയറ്റിൽ അസാധാരണമായെന്തോ ഉണ്ടെന്ന് ശ്രദ്ധയിൽ പെടുന്നത്. തുടർന്നുള്ള പരിശോധനയിൽ മദ്യക്കുപ്പി കണ്ടെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പൊട്ടിക്കാത്ത മദ്യക്കുപ്പി കണ്ടതിന്റെ ആവേശവും യുവാക്കൾ പ്രകടിപ്പിക്കുന്നതു കാണാം. 

എന്നാൽ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ഉയരുന്നുണ്ട്. കടൽ ജീവികൾ മനുഷ്യരുടെ അലക്ഷ്യമായ പ്രവർത്തി മൂലം ദുരിതം അനുഭവിക്കുന്നതിന്റെ ഉദാഹരണമാണ് ഈ വീഡിയോ എന്ന് ഒരു കൂട്ടം പറയുമ്പോൾ പ്രശസ്തിക്കു വേണ്ടി മീനിന്റെ വയറിൽ അവർ മനപ്പൂർവം വച്ചതാവാം ആ മദ്യകുപ്പി എന്ന് പറയുന്നവരുമുണ്ട്.