എത്ര ശക്തനാണെങ്കിലും ശരി സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ മുന്നില്‍ ആ ശക്തിയൊന്നും പോരാതെ വരും. അതിനി മനുഷ്യനാണെങ്കിലും ശരി മൃഗമാണെങ്കിലും ശരി. വെള്ളത്തില്‍വെച്ച് തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച ഒരു മുതലയെ അമ്മയാന വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

സാംബിയയിലെ സഫാരിക്കിടെ ഹാന്‍സ് ഹെന്‍റിക് ഹാര്‍ എന്നയാളാണ് വീഡിയോ എടുത്തിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ അടുത്തേക്ക് വരുന്ന മുതലയെ അമ്മയാന മസ്തകം കൊണ്ട് ഇടിച്ചും തുമ്പിക്കൈ കൊണ്ട് വാലില്‍ പിടിച്ച് വെള്ളത്തിലടിച്ചും ചവിട്ടിയുമൊക്കെ വകവരുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സാധാരണഗതിയില്‍ ആനകള്‍ മുതലകളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അധികം കാണാറില്ല.

'ഞെട്ടിപ്പിക്കുന്നത്' എന്നാണ് ഹാന്‍സ് വീഡിയോയിലെ ദൃശ്യങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊമ്പില്ലാത്തതുകൊണ്ട് മസ്തകമാണ് ആന പ്രധാന ആയുധമായി ഉപയോഗിച്ചിരിക്കുന്നത്. ആക്രമണത്തിനൊടുവില്‍ മുതല വെള്ളത്തില്‍ ചത്തുമലക്കുന്നതും കാണാം. മുതല ചത്തു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് അമ്മയാന ആക്രമണം അവസാനിപ്പിക്കുന്നത്.