ഗർഭിണിക്ക് മുന്നിൽ അരുതുകളുടെ നീണ്ട പട്ടിക നിരത്തുന്നവരുണ്ട്. എന്നാൽ ചികിത്സിക്കുന്ന ഡോക്ടറുടെ അനുവാദത്തോടെ ആരോഗ്യകരമായ കാര്യങ്ങൾ ചെയ്യാൻ ഒട്ടും മടികാണിക്കേണ്ടതില്ല. ​ഗർഭിണിയായി എട്ടാംമാസത്തിൽ തായ്കൊണ്ടോ പ്രകടനത്തിൽ സ്വർണ മെഡൽ നേടിയ യുവതിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ നിറയുകയാണ്. നൈജീരിയയിൽ നിന്നുള്ള അമിനാറ്റ് ഇദ്രീസ് എന്ന യുവതിയാണ് അതിശയിപ്പിക്കുന്ന വീഡിയോയിലുള്ളത്.

നൈജീരിയയിലെ നാഷണൽ സ്പോർട്സ് ഫെസ്റ്റിവലിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. തായ്കൊണ്ടോയിലെ മിക്സഡ് പുംസി വിഭാഗത്തിലാണ് ഇദ്രിസ് സ്വർണം കരസ്ഥമാക്കിയത്. ഗർഭകാലത്തിന് മുമ്പും തായ്കൊണ്ടോ പരിശീലനത്തിൽ സജീവമായി ഉണ്ടായിരുന്നതിനാൽ തനിക്ക് വലിയ മാറ്റം അനുഭവപ്പെട്ടിരുന്നില്ലെന്ന് ഇദ്രീസ് പറയുന്നു. നിരവധി പേരാണ് ഇദ്രീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ എട്ടുമാസം ഗർഭിണിയായിരിക്കവേ ഇദ്രീസ് ഇത്തരമൊരു കായിക വേദിയിൽ പങ്കെടുത്തതിനെ വിമർശിച്ചവരുമുണ്ട്. തായ്കൊണ്ടോയിലെ വ്യായാമത്തിന്റെ ശൈലിയിലുള്ള പുംസി സുരക്ഷിതമെന്നു തോന്നിയതുകൊണ്ടാണ് പരിശീലനം മുടക്കാതെ ഫെസ്റ്റിവലിൽ പങ്കെടുത്തതെന്നും ഇദ്രീസ് പറയുന്നു. തന്റെ ഡോക്ടറുടെയും പരിപാടിയുടെ സംഘാടകരുടെയും അനുമതിയോടെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഇദ്രീസ് പറഞ്ഞു.