'രാജ്യത്തെ ഒരു സാധാരണ പൗരന് കടന്നു ചെല്ലാന്‍ അനുവാദമുള്ള ഏറ്റവും ഒടുവിലത്തെ പോയിന്റിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്' - ഹിമാചൽ പ്രദേശിലെ നാഗസ്തി  പോസ്റ്റിന് സമീപത്ത് നിന്ന് ആഹ്ലാദത്തോടെയായിരുന്നു ഡോ. ദീപാ ശർമ ട്വീറ്റ് ചെയ്തത്. എന്നാൽ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല. തൊട്ടു പിന്നാലെയുണ്ടായ മലയിടിച്ചിലിൽ ഡോക്ടര്‍ ദീപ ഉള്‍പ്പെടെ ഒമ്പത് പേരും മരിച്ചു. 

ഹിമാചൽ പ്രദേശിലെ കിന്നൗറിലുണ്ടായ ഉരുള്‍പൊട്ടലിലായിരുന്നു മരണം. വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന വാഹനത്തില്‍ വലിയ പാറ പതിക്കുകയായിരുന്നു. 

ജയ്പൂരിൽ നിന്നുള്ള ആയൂർവേദ ഡോക്ടറായ ദീപ ശർമ എഴുത്തുകാരി കൂടിയാണ്. വിവിധ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് സാമൂഹികപ്രവര്‍ത്തനവും നടത്തി വരികയായിരുന്നു. കോവിഡ് പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ ഉന്നമന വിഷയങ്ങളിലും അവർ കൃത്യമായി ഇടപെടുകയും ചെയ്തിരുന്നു.