ലോകം വീണ്ടും കോവിഡിന്റെ രണ്ടാം തരം​ഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി രോ​ഗി​കളുടെ എണ്ണവും മരണപ്പെടുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ശ്വാസമില്ലാതെ പിടയുന്നവരുടേയും ചികിത്സയ്ക്കായി കേഴുന്നവരുടെയുമൊക്കെ ദൃശ്യങ്ങൾ നിറയുന്ന ഈ കാലത്ത് പ്രത്യാശ പകരുന്ന ചെറിയൊരു കാഴ്ച പോലും പകരുന്ന ആശ്വാസം ചെറുതല്ല. അത്തരത്തിൽ കോവിഡ് വാർ‍‍ഡിൽ നിന്ന് ജീവിതത്തെ പ്രതീക്ഷയോടെ എതിരേൽക്കുന്ന ഒരു രോ​ഗിയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഡോ. മോണിക്ക ലാങ്കെ. 'ഡിയർ സിന്ദ​ഗി' എന്ന ഷാരൂഖ് ചിത്രത്തിലെ "ലവ് യൂ സിന്ദ​ഗീ.." എന്ന ​ഗാനം ആസ്വദിച്ചു കേൾക്കുന്ന മുപ്പതുകാരിയാണ് വീഡിയോയിലുള്ളത്. 

ഐസിയു ബെഡ് ലഭിക്കാതിരുന്നതിനാൽ കോവി‍ഡ് എമർജൻസി വാർഡിൽ കഴിയുകയായിരുന്നു പെൺകുട്ടി. എൻഐവി (Non Invasive Ventilation) പിന്തുണയോടെ കഴിയുന്ന പെൺകുട്ടി പ്ലാസ്മാ തെറാപ്പിയും ചെയ്തിട്ടുണ്ട്. തന്റെ ആത്മവിശ്വാസം വർധിപ്പിക്കാനായി ഒരു പാട്ട് വച്ചോട്ടെ എന്നു മോണിക്കയോട് ചോദിക്കുകയായിരുന്നു പെൺകുട്ടി. ഇച്ഛാശക്തിയുള്ള കരുത്തയായ പെൺകുട്ടിയാണ് ഇവൾ എന്നു പറഞ്ഞാണ് മോണിക്ക വീഡിയോ പങ്കുവെച്ചത്. പ്രതീക്ഷ കൈവിടരുത് എന്ന ആശയമാണ് വീഡിയോ പകരുന്നതെന്നും മോണിക്ക പറയുന്നു.