സമൂഹമാധ്യമത്തിൽ എങ്ങും റാസ്പുടിൻ തരം​ഗമാണ്. മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിൽ വച്ച് റാസ്പുടിൻ ​ഗാനത്തിന് വച്ച ചുവടുകൾക്ക് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇതിനിടയിൽ ഇരുവരുടേയും പേരുകളിൽ നിന്ന് വീഡിയോയ്ക്ക് മതം കലർത്താൻ ചിലർ ശ്രമിച്ചെങ്കിലും നിരവധി പേർ നവീനും ജാനകിക്കും പിന്തുണയുമായി എത്തി. ഇപ്പോഴിതാ നവീനും ജാനകിയും വീണ്ടും തരം​ഗമാക്കിയ റാസ്പുടിൻ ​ഗാനം കേരള സർക്കാറും ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തയ്യാറാക്കിയ വീഡിയോയുടെ അകമ്പടി ​ഗാനമാണ് റാസ്പുടിൻ. 

വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകരുകയാണ് വീഡിയോയുടെ ലക്ഷ്യം. കോവാക്സിൻ, കോവിഷീൽഡ് എന്നെഴുതിയ രണ്ടു വയലുകൾ( vials) റാസ്പുടിൻ ​ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും വാക്സിനെടുക്കൂ എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. എന്തായാലും റാസ്പുടിൻ നൃത്തം ഏറ്റെടുത്ത സമൂഹമാധ്യമം പുതിയ വീഡിയോയെയും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.