ഡിന്നറിനിടയില്‍ നവദമ്പതികളായ പോലീസുകാര്‍ കൊള്ളക്കാരനെ പിടികൂടാന്‍ ശ്രമിക്കുന്ന വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. ആറ് മാസം മുമ്പ് വിവാഹിതരായ ചെയ്‌സും നിക്കോളും  ഒരു റൊമാന്റിക് ഡിന്നറിനിടയിലാണ് കവര്‍ച്ച നടത്താന്‍ കയറിയ കൊള്ളക്കാരനെ തോക്കു ചൂണ്ടി ഓടിച്ചത്. മനസാന്നിധ്യം കൈവിടാതെ ഉള്ള ഇരുവരുടെയും ധീരപ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഇപ്പോള്‍. ഒപ്പം അഭിനന്ദന പ്രവാഹവും. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം.

ശനിയാഴ്ച രാത്രി ഡിന്നറിനിടയില്‍ മുഖംമൂടി ധരിച്ച കൊള്ളക്കാരന്‍ ഹോട്ടലില്‍ പ്രവേശിക്കുന്നത് ചെയ്‌സും നിക്കോളും ശ്രദ്ധിച്ചു. മുഖം മൂടിയത് എന്തെങ്കിലും അസുഖം ബാധിച്ചിട്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
പക്ഷെ ഹോട്ടലിലെ കാഷ്യറിനെ ഭിഷണിപ്പെടുത്തി കൈകള്‍ രണ്ടും പൊക്കാനാവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കും കാര്യം പിടികിട്ടിയത്. പെട്ടെന്നു തന്നെ കൊള്ളക്കാരനെ തോക്കു ചൂണ്ടി ഇവര്‍ അയാള്‍ക്കരികിലേക്ക് ഓടിയെത്തുകയും പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് ലൂയിസ്വില്‍ മെട്രോ പോലീസ് എത്തി ഇയാളെ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ദമ്പതികളുടെ ധീരമായ പ്രവര്‍ത്തി കണ്ട് അഭിനന്ദിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം