സ്ട്രീറ്റ് ഫുഡ് എന്ന് കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. പാനിപൂരിയും പാവ് ബജിയുമൊക്കെ പലർക്കും ഏറെ പ്രിയമാണ്. എന്നാൽ ഈ ഇഷ്ടം മൂത്ത് വിവാഹത്തിന് വരെ പാനിപൂരി നമ്പർ വൺ സാന്നിധ്യമായാലോ? അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സമൂ​ഹമാധ്യമത്തിൽ നിറയുന്നത്. വിവാഹ സൽക്കാരത്തിൽ അല്ല മറിച്ച് വധുവിന്റെ വിവാഹ വേഷത്തിലാണ് പാനിപൂരിയും പ്രധാന താരമായത്. 

അക്ഷയ എന്ന വധുവാണ് വീഡിയോയിലുള്ളത്. സാധാരണ ആഭരണങ്ങൾക്ക് പുറമേ പാനിപൂരി കൊണ്ടുള്ള വലിയ മാലയും ബ്രേസ്ലെറ്റുമൊക്കെയാണ് അക്ഷയ ധരിച്ചിരിക്കുന്നത്. എന്തിനധികം പാനിപൂരി കൊണ്ടുള്ള വലിയൊരു കിരീടവും ബന്ധുക്കൾ അക്ഷയയെ അണിയിക്കുന്നതു കാണാം. എന്തെങ്കിലും ചടങ്ങിന്റെ ഭാ​ഗമായാണോ വധു ഇപ്രകാരം അണിഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതിനകം അഞ്ചു മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇതാണ് യഥാർഥ സ്വപ്ന വിവാഹമെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.