കോവിഡ് കാലത്ത് മാറ്റിവച്ച വിവാഹങ്ങൾ നിരവധിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിവാഹങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. അടുത്തിടെ കർഫ്യൂ ലംഘനം നടത്തിയെന്നാരോപിച്ച് വിവാഹവേദിയിലെത്തി സിനിമാസ്റ്റൈലിൽ വിരട്ടിയ ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാറിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു വിവാഹ വീഡിയോ ആണ്. 

വിവാഹ ചടങ്ങുകൾക്കിടെ വരണമാല്യം അണിയിക്കുന്ന വധൂവരന്മാരാണ് വീഡിയോയിലുള്ളത്. ചേർന്നുനിന്ന് വരണമാല്യം അണിയിക്കുന്നതിന് പകരം സാമൂഹിക അകലം പാലിച്ചാണ് ഇരുവരും മാലയിടുന്നത്. ഒരു മുളവടി ഉപയോ​ഗിച്ചാണ് ഇരുവരും വരണമാല്യം പരസ്പരം അണിയിക്കുന്നത്. രണ്ടുപേരും മാസ്ക് ധരിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഛത്തീസ്​ഗഡിലെ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ദിപാൻഷു ഖബ്രയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.