ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം വിവാദങ്ങളും കത്തുകയാണ്. ബിഹാറിലെ പുതിയ വിദ്യാഭ്യാസമന്ത്രി പാടിയ ദേശീയഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രിക്ക് ദേശീയഗാനം പോലും നേരാംവണ്ണം അറിയില്ലേ എന്നാണ് കമന്റുകളിലധികവും. 

ദേശീയ ഗാനത്തിന്റെ വരികള്‍ തെറ്റിച്ചു പാടുന്ന മന്ത്രി മേവാലാല്‍ ചൗധരിയുടെ വീഡിയോ ആര്‍.ജെ.ഡിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏതോ സ്‌കൂള്‍ പരിസരത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍ വീഡിയോ എന്ന് എടുത്തതാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. 

'പല തവണ അഴിമതി ആരോപിതനായ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിക്ക് ദേശീയഗാനവും അറിയില്ല. അല്‍പം നാണം ബാക്കിയുണ്ടോ നിതീഷ് '   -വീഡിയോ ട്വീറ്റ് ചെയ്ത് ആര്‍.ജെ.ഡി ചോദിക്കുന്നു.

ഭഗല്‍പൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. മേവാലാല്‍ ചൗധരി 2012-ല്‍  സര്‍വകലാശാല നിയമനത്തില്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. 2019-ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ച കേസിലും ചൗധരിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു