വിവാഹത്തിന് നാണംകുണുങ്ങി വേദിയിലെത്തുന്ന വധുവൊക്കെ പഴഞ്ചൻ സങ്കൽപമാണ്. ഇന്ന് ജീവിതത്തിലെ ബോൾഡ്നസ് വിവാഹ വേദിയിലും പകർത്തുന്നവരുണ്ട്. ആടിപ്പാടി വിവാഹ വേദിയിലേക്കെത്തുന്ന നിരവധി വധുമാരുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹിതയായി വരന്റെ വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്ന വധുവാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

കൽക്കട്ട സ്വദേശിയും പ്രശസ്ത ഷെഫുമായ സ്നേഹ സിം​ഗിയാണ് ഭർത്താവ് സൗ​ഗത് ഉപാധ്യായയെ അരികിലിരുത്തി വാഹനമോടിച്ച് പോകുന്നത്. പ്രണയകാലത്തും സൗ​ഗതിനെ അരികിലിരുത്തി വാഹനമോടിച്ചിരുന്നത് താനാണെന്നും വിവാഹദിനത്തിൽ അതു പിന്തുടരുകയായിരുന്നുവെന്നും സ്നേഹ പറയുന്നു. ഡ്രൈവിങ് പോലുള്ള കാര്യങ്ങൾ സ്ത്രീകൾക്ക് പരാശ്രയമില്ലാതെ ചെയ്യാൻ കഴിയേണ്ടതാണെന്നുള്ള സന്ദേശമാണ് സ്നേഹ പകരുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്യുന്നു.