അസാമാന്യ ചുവടുകള്‍, ഹൃത്വിക് റോഷന് വരെ അത്ഭുതം തോന്നിയ 'എയര്‍വാക്ക്' സ്‌റ്റെല്‍....ആരാണീ സോഷ്യല്‍ മീഡിയയുടെ യങ് മൈക്കല്‍ ജാക്‌സണ്‍'? കഴിഞ്ഞ രണ്ട് ദിവസമായി ഈ അന്വേഷണത്തിലായിരുന്നു ട്വിറ്റര്‍ ഉപയോക്താക്കള്‍. ഒടുവില്‍ ആളെക്കിട്ടി. ടിക്ക് ടോക്കില്‍ സജീവമായ യുവരാജ് സിങ്. യുവരാജ് സിംഗ്, @babajackson2020 എന്ന പേരിലുള്ള ടിക് ടോക്ക് അക്കൗണ്ടിന് വന്‍ ഫാന്‍ ഫോളേവേഴ്‌സാണുള്ളത്. ഡാന്‍സ് പ്രേമികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട മുക്കാലാ മുക്കാബലാ പാട്ടിന് ചുവട് വെച്ച് ഹിറ്റായ യുവരാജിന് ടിക് ടോകില്‍ 1.1 ദശലക്ഷം ഫോളോവേഴ്സാണ് ഇതിനോടകമുള്ളത് 

'അവസാനം വരെ കാണുക. ആ അവസാന വീഡിയോ ആണ് എന്നെ ഇത് കംപൈല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ദയവായി അദ്ദേഹത്തെ പ്രശസ്തനാക്കുക' എന്ന തലക്കെട്ടോടെ യുവരാജിന്റെ ടിക് ടോക്ക് വീഡിയോകളുടെ കളക്ഷന്‍ ഒരു ഫോളോവര്‍  ട്വിറ്ററില്‍ പങ്കിട്ടതോടെയാണ് സംഗതി ഹിറ്റായത്. 

തന്റെ ട്വീറ്റുകളില്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെയും, പ്രഭുദേവയെയും ടാഗ് ചെയ്തു. 'ഇത്ര അനായാസമായ ഒരു എയര്‍വാക്കറെ ഞാന്‍ കണ്ടിട്ടേയില്ല. ഇദ്ദേഹം ആരാണ് - എന്ന് ചോദിച്ചുകൊണ്ടാണ്' ഹൃത്വിക് റോഷന്‍ വീഡിയോ റീട്വീറ്റ് ചെയ്തത്.