മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വാന്‍ ലൈഫ് പരിചയപ്പെടുത്തിയ 3 ചെറുപ്പക്കാരുണ്ട് തൃശ്ശൂരില്‍. ഒരു ട്രാവലര്‍ വീടാക്കി മാറ്റി ഇന്ത്യ മുഴുവന്‍ ചുറ്റി കറങ്ങിയ സാന്റോനും സുഹൃത്തുക്കളും തിരിച്ച് തൃശൂര്‍ എത്തി. സാന്റോനേ പോലെ തന്നെ ഇപ്പോള്‍ ഒരുപാട് ആരാധകരുണ്ട് യാത്ര നടത്തിയ വണ്ടി കപ്പിത്താനും.
സാന്റോൻ, ലിഷോയ്, ബിനോയ് എന്നിവരാണ് ആ മൂവർ സംഘം. കോവിഡ് കാലത്ത് നടത്തിയ യാത്രയിൽ ഭൂരിഭാഗവും വാനിൽത്തന്നെയായിരുന്നതിനാൽ മറ്റുള്ളവരുമായി അധികം സമ്പർക്കം പുലർത്താതെ യാത്ര ചെയ്യാൻ പറ്റി എന്നതായിരുന്നു യാത്രയുടെ ഏറ്റവും വലിയ ഗുണമെന്ന് ഇവർ പറയുന്നു. ഇന്ത്യയിൽ വാൻ ലൈഫ് എന്ന ആശയം വെല്ലുവിളിയായിരുന്നെന്ന് സാന്റോൻ പറഞ്ഞു. ഭക്ഷണവും, ബാത്ത് റൂമുമെല്ലാം വാനിൽത്തന്നെ സജ്ജീകരിച്ചു. മാനസികമായി നന്നായി തയ്യാറെടുത്തിരുന്നതിനാൽ വേറെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും സാന്റോൻ പറഞ്ഞു.
ഇപ്പോൾ വരാമെന്ന് പറഞ്ഞാണ് സാന്റോൻ തന്നെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയതെന്നും പിന്നെ എഴുപത് ദിവസം കഴിഞ്ഞാണ് വീട്ടിൽക്കയറിയതെന്നും ലിഷോയ് പറഞ്ഞു. മുമ്പ് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടായിരുന്നെന്ന് ബിനോയ് പ്രതികരിച്ചു.