യുക്രൈനിലേക്ക് വരുന്ന ഏതൊരു സഞ്ചാരിയേയും കാത്തിരിക്കുന്നുണ്ട് രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട കഥകൾ. അത്തരത്തിലൊന്നാണ് നാഷണൽ മ്യൂസിയം ഓഫ് ദ ഹിസ്റ്ററി ഓഫ് യുക്രൈനിലെ വാർ മ്യൂസിയം പറയുന്നത്. മദർ ലാൻഡ് മോണ്യുമെന്റ് അടക്കമുള്ള ചരിത്രനിർമിതികൾ ഈ കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രം പറയുന്ന ചുവരുകളാണ് മ്യൂസിയത്തിലേക്കുള്ള വഴികളിലുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാഴ്ചകളാണ് ഭിത്തികളിലെങ്ങും നിറയുന്നത്. മേൽപ്പാലം കണക്കേയുള്ള മേൽക്കൂരകൾക്ക് കീഴെയാണ് ഒരു കാലത്തിന്റെ പോരാട്ടവും പ്രതിരോധവും അവതരിപ്പിച്ചിരിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ ഭാ​ഗമായിരുന്ന കാലത്തേക്കാണ് ഈ മ്യൂസിയം നമ്മെ കൂട്ടിക്കൊണ്ടുപോവുക. ലോകം വിറങ്ങലിച്ചുനിന്ന യുദ്ധകാലത്തെ അടയാളപ്പെടുത്തുകയാണ് വാർ മ്യൂസിയം. കവാടം കടന്ന് മുന്നോട്ടെത്തുമ്പോൾ വിശാലമായ കോംപ്ലക്സിൽ അടുത്ത കാഴ്ചയായി കാണാനാവുക ബാറ്റിൽ ഓഫ് നേപ്പർ എന്നറിയപ്പെടുന്ന ശില്പമാണ്. ജലാശയത്തിലാണ് നേപ്പർ തീരത്തിന്റെ പോരാട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്. അകലെയായി മദർലാൻഡ് മോണ്യുമെന്റിന്റെ ഉയരങ്ങൾ കാണാം. സ്മാരകങ്ങൾക്ക് അഭിമുഖമായി ഉക്രൈൻ ദേശീയപതാക പാറിക്കളിക്കുന്നത് കാണാം. ചരിത്രത്തിന് സല്യൂട്ട് നൽകുകയാണ് മഞ്ഞയും നീലയും ചേരുന്ന ദേശീയ പതാക.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)