കാട് (പുൽമേടുകൾ) ഉണർന്ന് തുടങ്ങുന്നേയുള്ളൂ. വെളുപ്പിന് അഞ്ചരമണിക്ക് തുടങ്ങിയതാണ് വനപ്രജാപതിയെ തേടിയുള്ള യാത്ര! മസായിവംശജനായ സാരഥി റോബർട്ടിന്റെ നിർദേശമനുസരിച്ചാണ് വെള്ളകീറുംമുൻപ് ഇറങ്ങിത്തിരിച്ചത്. ദിവസത്തിൽ 20 മണിക്കൂറും നിഷ്ക്രിയമായി കഴിയുന്ന സിംഹങ്ങൾ വെളിച്ചം നന്നായി പരക്കുകയും അന്തരീക്ഷത്തിൽ ചൂട് വ്യാപിക്കുകയും ചെയ്യുന്നതോടെ അലസനിദ്ര യിലേക്ക് വഴുതും. പ്രണയവും ഹിംസയും രതിയും മേളിക്കുന്ന വനരാജജീവിതത്തിന്റെ സജീവ താളം അതിന്റെ സകല ചാരുതയോടും പ്രൗഢിയോടും കൂടി ആസ്വദിക്കാൻ നന്നേ പ്രഭാതവും അസ്തമനവേളയുമാണ് അഭികാമ്യം. മസായി മാരയിലെ സിംഹജീവിതം പകർത്തിയ അനുഭവം പങ്കിടുകയാണ് എഴുത്തുകാരനും വന്യജീവി ഫോട്ടോ​ഗ്രാഫറുമായ അസീസ് മാഹി.