കാവേരി നദിയുടെ തീരത്താണ് തഞ്ചാവൂർ. കൃഷിക്കും വസ്ത്രനിർമാണത്തിനും പേരുകേട്ട ന​ഗരത്തിന്റെ മുഖമുദ്ര ക്ഷേത്രങ്ങൾ തന്നെയാണ്. എവിടേക്കുനോക്കിയാലും ശില്പചാതുരിയിൽ ആകാശം തൊടുന്ന ​ഗോപുരങ്ങൾ കാണാം. ബഹദീശ്വര ക്ഷേത്രത്തിൽ നിന്നാണ് തഞ്ചാവൂർ ദർശനം തുടങ്ങേണ്ടത് എന്നുവേണം പറയാൻ.

മഹാദേവൻ പരമേശ്വരൻ സാന്നിധ്യമാകുന്നയിടമാണിത്. രണ്ട് ​ഗോപുരകവാടങ്ങൾ കടന്നുവേണം ക്ഷേത്രത്തിലേക്കെത്താൻ. ചോള സാമ്രാജ്യത്തിന്റെ ഇന്നലെകളോട് ചേർന്നുനിൽക്കുന്നതാണ് ഈ കവാടങ്ങൾ. കേരളാന്തകൻ തിരുവൈൽ എന്നാണ് ആദ്യകവാടത്തിന്റെ പേര്. കേരള നാട്ടുരാജാവ് ഭാസ്കര രവി വർമനെ പരാജയപ്പെടുത്തിയതോടെയാണ് രാജ രാജ ചോളന് കേരളാന്തകൻ എന്ന പേര് ലഭിച്ചത്.

അഞ്ച് തട്ടുകളായാണ് ​ഗോപുരം തീർത്തിരിക്കുന്നത്. ദക്ഷിണാമൂർത്തിയുടേയും ബ്രഹ്മാവിന്റേയും രൂപങ്ങൾ ​ഗോപുരത്തിലുണ്ട്. ശില്പങ്ങളാൽ കോർത്തിട്ട ​ഗോപുരം ആകാശത്തിലേക്ക് പടവുകൾ തീർക്കുകയാണെന്ന് തോന്നും കാഴ്ചയിൽ.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)