ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസനുമെല്ലാം കോടീശ്വരന്മാരും ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ മേധാവിമാരുമാണ്. അവർ ബഹിരാകാശത്ത് പോയി. അവരെ വെച്ചു നോക്കുകയാണെങ്കിൽ നമ്മളൊക്കെ സാധാരണക്കാരാണല്ലോ. ഇവർക്കൊപ്പം ബഹിരാകാശത്തേക്ക് സാധാരണക്കാർക്ക് പറ്റുന്നു എന്നത് നേട്ടമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. സ്പേസ് ടൂറിസം എന്ന പ്രോജക്ടിന്റെ അർത്ഥം തന്നെ സാധാരണക്കാർക്ക് അല്ലെങ്കിൽ ബഹിരാകാശ ദൗത്യങ്ങളിലൊന്നും പങ്കാളികളാവാത്തവർക്ക് ബഹിരാകാശത്ത് പോകാൻ പറ്റുക എന്നാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ബ്രാൻസനും ബെസോസും ചെയ്യുന്ന  കാര്യം സാധാരണക്കാർക്ക് കഴിയുക എന്നത് ചെറിയ കാര്യമല്ല. 2006-ൽ ഇതിനായുള്ള ഒരുക്കം ഞാൻ തുടങ്ങിയിരുന്നു. ലണ്ടനിൽ നിന്ന് ​ഗ്ലാസ്​ഗോയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാരിലാരോ ഉപേക്ഷിച്ച പത്രക്കടലാസിൽ നിന്നാണ് ആദ്യമായി സ്പേസ് ടൂറിസം എന്ന വാക്ക് മനസിലാക്കുന്നത്. അന്നത് വളരെ കൗതുകമുള്ളതായി തോന്നി. എന്തുകൊണ്ട് എനിക്കും അതിന്റെ ഭാ​ഗമായിക്കൂടാ എന്ന് ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.