കോവിഡ് കാലത്തെ സമ്മർദ്ദം ഒഴിവാക്കാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് പെരുമ്പാവൂരിന് സമീപമുള്ള പാണിയേലിപോര്. പെരുമ്പാവൂരിൽ നിന്ന് കുറുപ്പംപടി വഴി അരമണിക്കൂർ യാത്ര ചെയ്താൽ പാണിയേലി പോരിലെത്താം.  കാടിന്റെ വശ്യതയ്ക്കൊപ്പം പുഴയുടെ സൗന്ദര്യവും കുളിരും ഇവിടെ സഞ്ചാരികളെ സ്വാ​ഗതം ചെയ്യുന്നു. 

പെരിയാറിന്റെ തീരത്ത് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാ​ഗമായി 2005-ലാണ് പാണിയേലി ​ഗ്രാമത്തിൽ വനംവകുപ്പിന്റെ ടൂറിസം പദ്ധതി ആരംഭിച്ചത്. എറണാകുളം ജില്ലയിലെ വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടയിടമാണ് പാണിയേലി പോര്. ഭൂതത്താൻകെട്ട്, ഇടമലയാർ ഭാ​ഗത്തുനിന്ന് ഒഴുകിയെത്തുന്ന പെരിയാർ പാണിയേലി ഭാ​ഗത്തെത്തുന്നതോടെ പാറക്കെട്ടുകളിൽത്തട്ടി പല വശങ്ങളിലേക്ക് തിരിയും. അവിടെ നിന്ന് മൂന്ന് ഭാ​ഗങ്ങളിലൂടെ ഒന്നിക്കുന്ന പുഴ കുത്തിയൊലിച്ച് വീണ്ടും സം​ഗമിക്കുന്നു. 

പാണിയേലിയിൽ പുഴ വെള്ളം തമ്മിലടിക്കുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് പാണിയേലി പോര് എന്ന പേരുണ്ടായത്. കോവിഡ് കാലം സഞ്ചാരികളെ ഒഴുക്കിനെ ബാധിച്ചെങ്കിലും പാണിയേലിയിലേക്ക് സഞ്ചാരികൾ വീണ്ടുമെത്തിത്തുടങ്ങിയിട്ടുണ്ട്.