വിനോദസഞ്ചാരികളേക്കൊണ്ട് നിറയേണ്ട മൂന്നാറിപ്പോൾ ശൂന്യമാണ്. തോട്ടം തൊഴിലാളികളും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവരും പോലീസുകാരും പിന്നെ ക്യാമറയുമായി മാധ്യമപ്രവർത്തകരും മാത്രം. കോവിഡ് ഇത്തവണ തോട്ടം മേഖലയെ കാര്യമായി ബാധിച്ചതിനാൽ മൂന്നാറിലും പരിസരങ്ങളിലും കർശന നിയന്ത്രണങ്ങളാണിപ്പോൾ.

ന്യൂനമർദം കാരണം കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല മഴയായിരുന്നു. മഴ ആസ്വദിക്കാൻ ഇത്തവണ പക്ഷേ, വിനോദസഞ്ചാരികൾക്ക് ഭാ​ഗ്യമില്ല. നൂൽമഴയായി തേയിലത്തോട്ടങ്ങൾക്കുമേൽ പറന്നിറങ്ങി, പിന്നീട് പതുക്കെ രൗദ്രഭാവത്തിലായി മഴ. മഴയ്ക്ക് പിന്നാലെ വീശിയെത്തുന്ന കോടമഞ്ഞ് എല്ലാത്തിനേയും മറയ്ക്കും. വിനോദസഞ്ചാരികൾ ഇല്ലാത്തതിനാൽ ഇരവികുളത്തെ വരയാടുകൾ മഴയും മഞ്ഞും ആസ്വദിച്ച് മേയുകയാണ്. ആരും ശല്യപ്പെടുത്താനില്ലാതെ.

കോവിഡ് കാരണം വട്ടവടയിലേക്കുള്ള ​ഗതാ​ഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ പാമ്പാടുംചോല നാഷണൽ പാർക്ക് ഇപ്പോൾ കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രമാണ്. വനം വകുപ്പിന്റെ ഓഫീസുകളും റെയ്ഞ്ച് ഓഫീസറുടെ വീടും വരെ കാട്ടുപോത്തുകൾ കയ്യടക്കിക്കഴിഞ്ഞു.