ചായക്കട നടത്തി ലോക രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ വൃദ്ധ ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണമോ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലുമാണ് മാറ്റം വേണ്ടതെന്നായിരുന്നു ദമ്പതികള്‍ മന്ത്രിയെ  അറിയിച്ചത്. 

റഷ്യന്‍ യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു ബാലാജിയും ഭാര്യ മോഹനയും. ഇതിനിടെയാണ്  മന്ത്രി മുഹമ്മദ് റിയാസിന്റെ സന്ദര്‍ശനം. രാവിലെ തന്നെ ചായക്കടയിലെത്തിയ മന്ത്രിക്ക് ബാലാജിയുടെ വക ചൂടുള്ള ചായ. പിന്നാലെ  ടൂറിസം ചര്‍ച്ചകളും.

കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള പെരുമാറ്റവും മാറ്റങ്ങളില്‍ പരിഗണിക്കണമെന്ന് മന്ത്രിയോട് ബാലാജി ആവശ്യപ്പെട്ടു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേകപരിശീലനം നല്‍കുമെന്ന് മന്ത്രി ഉറപ്പും നല്‍കി.

ഒക്ടോബര്‍  21 നാണ് ബാലാജിയുടെയും മോഹനയുടെയും റഷ്യന്‍ യാത്ര. മൂന്നു ദിവസം മോസ്‌കോ മൂന്നൂ ദിവസം സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്നതാണ് പ്ലാന്‍.  ഇതിനിടയില്‍ റഷ്യന്‍ പ്രസിഡന്റിനെ കാണാനും പദ്ധതിയുണ്ട്