കോഴിക്കോട് നിന്നും സിം​ഗപ്പൂർ വരെ സൈക്കിളിൽ സഞ്ചരിച്ച് വാർത്തകളിലിടം നേടിയ ചെറുപ്പക്കാരനാണ് എലത്തൂർ സ്വദേശി അജിത്. യാത്രകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ പലരിൽ നിന്നും ഉയർന്ന ചോദ്യമായിരുന്നു ഒരു കല്ല്യാണം കഴിക്കണ്ടേ? ജീവിതത്തിൽ ഒരു കൂട്ടൊക്കെ വേണ്ടേ എന്ന്. യാത്രകൾ ഇഷ്ടപ്പെടുന്ന, സൈക്കിളിനെ സ്നേഹിക്കുന്ന ഒരാളെയാണ് താൻ തേടുന്നതെന്നായിരുന്നു അവരോടെല്ലാം അജിത് പറഞ്ഞത്. 

കാത്തിരിപ്പിനൊടുവിൽ മനസിൽ കണ്ടതുപോലെ ഒരാൾ അജിത്തിന്റെ ജീവിതത്തിലേക്ക് വന്നു. സൈക്കിളിനെ പ്രണയിക്കുന്ന, ലോകം മുഴുവൻ ചുറ്റാൻ ആ​ഗ്രഹിക്കുന്ന ഒരാൾ. അസമിലെ ജാ​ഗി റോഡ് സ്വദേശിയായ നമിതയെ ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ അജിത്ത് താലികെട്ടി. ഇനിയുള്ള യാത്രകൾ തനിക്കൊപ്പം നോമി എന്ന് വിളിക്കുന്ന നമിതയുണ്ടാവുമെന്ന് അജിത് പറയുന്നു. ഇങ്ങ് കോഴിക്കോട് എലത്തൂരിൽ നിന്ന് അങ്ങ് അസമിൽ വരെ എത്തിയ ആ വിവാഹാലോചനയുടെ കഥ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് അജിത്തും നമിതയും.