ഫായിസിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ദൂരങ്ങളും ഉയരങ്ങളും തലകുനിച്ചു. മലപ്പുറം മൂന്നിയൂരിൽ നിന്ന് ഒറ്റക്കൈയിൽ ഹാൻഡിൽ നിയന്ത്രിച്ച് ഫായിസ് ചവിട്ടിക്കയറിയത് രാജ്യത്തിന്റെ നെറുകയിൽ. ജന്മനാ ഒരു കൈ ഇല്ലാതിരുന്ന ഫായിസ് ഫർഹാനെന്ന പ്ലസ്ടു വിദ്യാർഥി സൈക്കിളിൽ ലഡാക്കിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്റെ ആഗ്രഹം പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യത്തോടെ ഫായിസ് 4500 ഓളം കിലോമീറ്റർ പിന്നിട്ട് ലോകത്തെ ഏറ്റവും ഉയരംകൂടിയ റോഡ്, 18,330 അടി ഉയരത്തിലുള്ള കർദും​ഗ് ലാ പാസിൽ ചവിട്ടിക്കയറി.