പ്രകൃതി അതിന്റെ മനോഹാരിത മുഴുവൻ പ്രകടിപ്പിച്ചുനിൽക്കുന്ന നിരവധി പ്രദേശങ്ങളുണ്ട് കേരളത്തിൽ. യാത്രയുടെ ക്ഷീണം ഒറ്റനിമിഷം കൊണ്ട് തരിപ്പണമാകുന്നത്ര വശ്യതയാണ് ഇവിടങ്ങൾ ഓരോ സഞ്ചാരിക്കും നൽകുന്ന വാ​ഗ്ദാനം. അത്തരത്തിലൊന്നാണ് കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുടുക്കത്തുപാറ.

പ്രധാന റോഡിൽ നിന്ന് അകത്തുകയറിയാൽ വനംവകുപ്പിന്റെ ഓഫീസ് കാണാം. ഇവിടെ നിന്ന് പാസെടുത്തുവേണം പിന്നീടുള്ള യാത്ര. കാടിനുള്ളിലൂടെയാണ് സഞ്ചാരം. ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ തരും കുടുക്കത്തുപാറ.

പാറയുടെ അടിവാരത്തെത്തിയാൽ പിന്നെയുള്ള യാത്ര കാൽനടയായാണ്. 360 പടികളുണ്ട് പാറയുടെ മുകളിലേക്ക്. പൊന്മുടി, ജടായുപ്പാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും ആലപ്പുഴജില്ലയുടേയും തമിഴ്നാടൻ ​ഗ്രാമങ്ങളുടേയും വിദൂരക്കാഴ്ചയാണ് ഇവിടെ നിന്നാൽ കാണാനാവുക. പോകും വഴിയേ സായിപ്പിന്റെ ​ഗുഹ എന്നറിയപ്പെടുന്ന കരിമ്പാറ കാണാം. 

മുകളിലേക്കുള്ള യാത്ര ദുർഘടം പിടിച്ചതായതിനാൽ സഞ്ചാരികൾ വെള്ളവും ലഘുഭക്ഷണവും കരുതുന്നത് നന്നായിരിക്കും. കൊല്ലം ജില്ലയിലെത്തുന്ന സഞ്ചാരികൾ ഒരുക്കലും നഷ്ടപ്പെടുത്തരുതാത്ത വിനോദസഞ്ചാരകേന്ദ്രമാണ് കുടുക്കത്തുപാറ.

Content Highlights: Kudukkathupara Eco Tourism, Kollam Tourism, Kerala Tourism