മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഇനിമുതൽ കുറഞ്ഞ ചെലവിൽ കെ.എസ്.ആർ.ടി.സി.യുടെ ടെന്റിൽ അന്തിയുറങ്ങാം. പഴയ മൂന്നാറിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപമുള്ള യൂക്കാലിത്തോട്ടത്തിലാണ് ടെൻറ് ക്യാമ്പുകൾ സ്ഥാപിച്ചത്. നാലുപേർക്കുവീതം കിടന്നുറങ്ങാൻ കഴിയുന്ന രണ്ടു ടെൻറുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്.

പ്രകൃതിസൗന്ദര്യവും തണുപ്പും ആസ്വദിച്ച് കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അന്തിയുറങ്ങാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും പദ്ധതി വിജയിച്ചാൽ കൂടുതൽ ടെന്റുകൾ സ്ഥാപിക്കുമെന്നും കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ പറഞ്ഞു. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. നാലുപേർ ചേർന്ന് ഒരു ടെന്റ് മുഴുവനായി എടുത്താൽ 700 രൂപ നൽകിയാൽ മതിയെന്ന് ഡിപ്പോ ഇൻ-ചാർജ് സേവി ജോർജ് പറഞ്ഞു.

100 രൂപയ്ക്ക് കെ.എസ്.ആർ.ടി.സി.ബസിൽ സഞ്ചാരികൾക്ക് അന്തിയുറങ്ങുന്നതിനുള്ള പദ്ധതി 2020 നവംബർ 14-ന് ആരംഭിച്ചിരുന്നു. കുറഞ്ഞ ചെലവിൽ കെ.എസ്.ആർ.ടി.സി. ബസിൽ മൂന്നാർ കണ്ടാസ്വദിക്കുന്നതിനുള്ള രണ്ട്‌ സൈറ്റ്സീങ് ബസ് സർവീസുകൾ ജനുവരി ഒന്നിനും തുടങ്ങി. രണ്ടുപദ്ധതികളും വിജയമായതോടെയാണ് ടെൻറ് ക്യാമ്പിൽ അന്തിയുറങ്ങുന്നതിനുള്ള പദ്ധതിയും ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി.ക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതികളാണിവയെല്ലാം.