കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ മൂന്നാറില്‍ നടപ്പാക്കിയ ടിക്കറ്റേതര വരുമാന പദ്ധതികള്‍ വന്‍വിജയം. വിനോദയാത്ര പദ്ധതിയിലൂടെ പതിനെട്ട് ദിവസംകൊണ്ട് സമ്പാദിച്ചത് ഒന്നര ലക്ഷത്തോളം രൂപ. സ്ലീപ്പര്‍ കോച്ചുകള്‍ ഉപയോഗിച്ച് ആരംഭിച്ച ലോഡ്ജിങ് പദ്ധതിയിലൂടെ മൂന്നര ലക്ഷവും ലഭിച്ചു.

പഴയ മൂന്നാർ ഡിപ്പോയിൽനിന്ന്‌ ടോപ് സ്റ്റേഷനിലേക്കാണ്‌ കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസ്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന സർവീസ് ടീ മ്യൂസിയം, റോസ് ഗാർഡൻ, ഫോട്ടോ പോയിന്റ്, മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള വഴി ടോപ് സ്റ്റേഷനിലെത്തി മടങ്ങും.

എല്ലായിടങ്ങളിലും സഞ്ചാരികൾക്ക് ചുറ്റിക്കാണുന്നതിനുള്ള സമയം അനുവദിക്കും. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. കെ.എസ്.ആർ.ടി.സി. ബസിൽ 100 രൂപാ നിരക്കിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള സ്ലീപ്പർ കോച്ച് സംവിധാനവും വൻവിജയമാണ്. മൂന്ന്‌ ബസുകളിലായി 48 പേർക്ക് താമസിക്കാവുന്ന സംവിധാനമാണ് ഡിപ്പോയിൽ ഒരുക്കിയിരിക്കുന്നത്. നവംബർ 14-നാണ് സർവീസ് ആരംഭിച്ചത്.