കേരളത്തിന്റെ ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനായി ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ആശയങ്ങള്‍ തേടി മന്ത്രി മുഹമ്മദ് റിയാസ്. സന്തോഷ് ജോർജ് കുളങ്ങരയുടെ അനുഭവങ്ങളും വൈദ​ഗ്ധ്യവും ധാരണയുമാണ് ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് കാരണമായ ഘടകങ്ങളിലൊന്ന് എന്ന് മന്ത്രി പറഞ്ഞു. ഇത് സർക്കാരിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാരവകുപ്പ് മന്ത്രി തന്നെ ഇങ്ങനെ അഭിപ്രായം ചോദിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ഏറെ പഠിക്കാനുണ്ടെന്ന് അറിഞ്ഞാണ് ഓരോ രാജ്യത്തേക്കും പോകുന്നത്. കാണുന്നതെല്ലാം പഠിക്കാനുള്ളതാണ്. വേണമെങ്കിൽ വിമർശിക്കാം. ഞാൻ പഠിക്കാനാണ് സമയം കളയുന്നത്. സത്യത്തിൽ കേരളത്തിനുവേണ്ടിത്തന്നെയാണ് പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.