5000 രൂപയ്ക്ക് ഒരു പഴയ ഓട്ടോ വാങ്ങി ഫ്രീക്കാക്കി വയനാട് മുതല്‍ കാശ്മീര്‍ വരെ ട്രിപ്പടിച്ച് തിരികെയെത്തിയിരിക്കുകയാണ് കാട്ടിക്കുളം സ്വദേശികളായ നാല് യുവാക്കള്‍. യാത്രാ സൗകര്യത്തിനായി ഇവര്‍ ഓട്ടോറിക്ഷ അടിമുടി പുതുക്കി പണിതു. ഭക്ഷണം പാകം ചെയ്യാന്‍ ഒരു ചെറിയ അടുക്കള, ചാര്‍ജിങ് പോര്‍ട്ട്, കാല്‍ നീട്ടി വെയ്ക്കാന്‍ പാകത്തിനുള്ള സീറ്റിങ് സൗകര്യം... മിക്ക പണികളും സ്വയം ചെയ്തവ. 

30000 രൂപയാണ് 40 ദിവസത്തെ യാത്രയ്ക്ക് ഓരോരുത്തരുമെടുത്തത്. പണം കണ്ടെത്തിയതും സ്വന്തം നിലയ്ക്ക്. രാവും പകലും പല ജോലികള്‍ ചെയ്തു. മൊബൈല്‍ വിറ്റും, കുടുക്കപൊട്ടിച്ചും, ബൈക്ക് വാങ്ങാന്‍ സൂക്ഷിച്ച പൈസ എടുത്തും തികയാത്തത് ഒപ്പിച്ചു. സിയാദ്, പി.എം. ഷഫീഖ്, സിറാജുദ്ദീന്‍, കെ.വി. അഷ്‌കര്‍ എന്നിവരാണ് ഈ വ്യത്യസ്തരായ യാത്രക്കാര്‍