യുക്രൈന്റെ ചരിത്രം പറയുന്ന ഇടങ്ങളിലൊന്നാണ് ഫ്രണ്ട്ഷിപ്പ് ഓഫ് നാഷൻസ് ആർച്ച്. ഒരു കുന്നിൻ മുകളിലാണ് ആർച്ച് സ്ഥിതി ചെയ്യുന്നത്. വലിയ കമാനവും അതിന് താഴെ രണ്ട് ശില്പങ്ങളും എന്ന് ചുരുക്കിപ്പറയാം ഫ്രണ്ട്ഷിപ്പ് ആർച്ചിനെ. സോവിയറ്റ് യൂണിയൻ കാലത്തിലേക്കാണ് ഈ കാഴ്ചകൾ നമ്മെ കൂട്ടിക്കൊണ്ടുപോവുക. 1982 നവംബർ ഏഴിനാണ് ആർച്ചും ശില്പങ്ങളും യാഥാർത്ഥ്യമായത്. യു.എസ്.എസ്.ആറിന്റെ അറുപതാം വാർഷികമായിരുന്നു സന്ദർഭം. നാല് വർഷമെടുത്തു നിർമാണം പൂർത്തിയാകാൻ. ആകാശത്തേക്ക് മഴവിൽ കണക്കേ വിരിഞ്ഞുനിൽക്കുന്ന കമാനം ടൈറ്റാനിയം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അമ്പത് മീറ്ററാണ് വ്യാസം.

ശില്പങ്ങളിലേക്ക് വന്നാൽ സോവിയറ്റ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ഓഫ് പീപ്പിൾസ് എന്ന ആശയത്തേയാണ് വെങ്കലശില്പം പ്രതിനിധാനം ചെയ്യുന്നത്. കയ്യിലുയർത്തിപ്പിടിച്ചിരിക്കുന്ന അടയാളം വിവിധ മേഖലകളിൽ നാടിനെ മുന്നോട്ടുനയിച്ചവർക്ക് സോവിയറ്റ് യൂണിയൻ നൽകിയിരുന്ന ബഹുമതിയുടെ മാതൃകയാണ്. തൊട്ടടുത്തുള്ള ശില്പം 1654-ലെ പെരിയാസ്ലാവ് കൗൺസിലിനെയാണ് സൂചിപ്പിക്കുന്നത്. സോവിയറ്റ് യൂണിയൻ കാലത്തിന്റെ അടയാളമാണ് ഇത്. ഇടക്കാലത്ത് ഈ ശില്പങ്ങളെല്ലാം മാറ്റിപ്പണിയണമെന്ന ആവശ്യം ഉയർന്നിരുന്നു. ഏതായാലും ഇവിടേക്കെത്തുന്നവർക്ക് ഈ ചരിത്ര സ്മാരകങ്ങൾക്കപ്പുറമുള്ള കാഴ്ചകളും കാണാനാവും.   

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)