ദുബായിയിലേക്കൊരു യാത്രയ്ക്ക് പദ്ധതിയിടുമ്പോൾ സ്വാഭാവികമായും ന​ഗരക്കാഴ്ചകളേക്കുറിച്ചാവും ആദ്യം അറിയുക. എന്നാൽ അതിനിടെ ഈ നാടിന്റെ തികച്ചും വേറിട്ട മുഖമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചിലയിടങ്ങളും ഉണ്ട്. ഒട്ടകങ്ങളുടെ ഓട്ടമത്സരം നടക്കുന്ന ക്യാമൽ റൈസിങ് ക്ലബ് അത്തരത്തിലൊരിടമാണ്.

മരുഭൂമികളാണ് അവിടേക്കുള്ള യാത്രയിൽ തെളിയുന്നത്. ന​ഗരത്തിൽ നിന്നും ക്യാമൽ റൈസിങ് ക്ലബിലേക്ക് ഏതാണ്ട് 40 കിലോമീറ്റർ വരും. വീതിയേറിയ റോഡിന്റെ അരികുകളിൽ പച്ചപ്പിന്റെ വേലികൾക്കപ്പുറം വിശാലമായ മരുഭൂമി. ക്യാമൽ ഹോസ്പിറ്റലുകളും ലബോറട്ടറികളും റൈസിങ് ക്ലബിന് അനുബന്ധമായുണ്ട്. ഇപ്പോൾ മത്സരങ്ങളൊന്നുമില്ലാത്തതിനാൽ റൈസിങ് ട്രാക്കെല്ലാം വിജനമാണ്. ദുബായിയിലെ ഏറ്റവും വലിയ ക്യാമൽ റൈസിങ് ട്രാക്കാണ് ഇത്.

ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് സാധാരണ ഇവിടെ ഓട്ടമത്സരങ്ങൾ നടക്കാറുള്ളത്. ഓഫ് സീസണായും ഇപ്പോൾ മത്സരങ്ങൾ നടക്കുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെയാണ് മത്സരങ്ങൾ അധികവും. ഒമാനിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമെല്ലാം മത്സരത്തിന്റെ ആവേശത്തിൽ പങ്കുചേരാനായി നിരവധിയാളുകൾ ഒഴുകിയെത്താറുണ്ട്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)