പാലക്കാട് ന​ഗരത്തിൽ നിന്ന് ഏതാണ്ട് 15 കിലോ മീറ്റർ ദൂരമുണ്ട് ധോണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്. ധോണി വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങാണ് ഇവിടെ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. ഏതാണ്ട് നാലര കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം. 125 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രയിൽ വനംവകുപ്പിന്റെ ​ഗാർഡ് ഒപ്പമുണ്ടാകും.

തേക്ക് പ്ലാന്റേഷനാണ് വഴിയിൽ ആദ്യം കാണുക. ആനയും പുള്ളിപ്പുലിയും കടുവയുമടക്കമുള്ള വന്യജീവികൾ ഉൾക്കാടുകളിൽ സാന്നിധ്യമാവുന്നുണ്ട്. സഞ്ചാരികളുടെ സൗകര്യത്തിനായി വെള്ളച്ചാട്ടത്തിനടുത്ത് കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്. വെള്ളം പാറക്കെട്ടുകളെ തഴുകി താഴേക്കുപതിക്കുന്ന കാഴ്ച അതിമനോഹരമാണ്. 

ധോനി എന്ന പേരിനുപിന്നിൽ ഒരു കഥയുണ്ട്. ധ്വനി എന്നാൽ ശബ്ദമെന്നാണ് അർത്ഥം. ജലധാരയുടെ ശബ്ദം കേട്ടുകൊണ്ടുള്ള യാത്രയായതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ധോനി എന്ന് പേരുവന്നത്. കാടിന്റെ കുളിർമയാണ് ഈ ജലധാരയ്ക്കരികിൽ നിൽക്കുമ്പോൾ അനുഭവപ്പെടുക.