ചുരുളി സിനിമ ഇറങ്ങിയതോടെ വയനാട്ടിലെ ചുരുളിയും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പക്ഷേ സിനിമയിലെ ചുരുളിയല്ല വയനാട്ടിലെ ചുരുളി. ഇവിടെ കള്ളുഷാപ്പുമില്ല, ചായക്കടയുമില്ല. ആദിവാസിഗോത്രവിഭാഗമായ കുറിച്യര്‍ മാത്രം താമസിക്കുന്ന തീര്‍ത്തും ശാന്തമായ ഒരു കാര്‍ഷിക ഗ്രാമം. കാപ്പിയും, കുരുമുളകും, വാഴയും, നെല്ലും എന്ന് വേണ്ട ഇവര്‍ക്ക് കഴിക്കാനാവശ്യമുള്ളതെല്ലാം ആ മണ്ണില്‍ വിളയും 

വടക്കേ വയനാട്ടിലെ കുഞ്ഞോം എന്ന ഉള്‍ഗ്രാമത്തില്‍ നിന്നും നാല് കിലോമീറ്ററോളം കാട് കടന്ന് വേണം ചുരുളിയിലെത്താന്‍. തുടക്കത്തില്‍ മാത്രം കോണ്‍ക്രീറ്റ് പാത. പിന്നെ മൂന്ന് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ജീപ്പ് മാത്രം പോകുന്ന മണ്‍പാത. കാട്ടിലൂടെ ഒരു ഓഫ് റോഡ് യാത്ര നടത്തിയ ഫീലുണ്ട് ചുരുളിയിലെത്തുമ്പോള്‍. കാട് പൊതിഞ്ഞു പിടിച്ച മനോഹരഗ്രാമത്തിലേക്ക് ഒരു യാത്ര...