ചലനശേഷിയില്ലാത്ത വലതുകാൽപ്പത്തിയുമായി 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടി മുപ്പത്തഞ്ചുകാരനായ മുഹമ്മദ് അഷറഫ് (മുത്തു) ലഡാക്കിലെത്തി. 17,982 അടിയുള്ള, ലോകത്തെ ഉയരത്തിൽ രണ്ടാമതുള്ള പാതയായ ഖർദൂങ്‌ലായിലെത്തിയ അഷറഫിന്റെ മുന്നിൽ ഇനിയുള്ളത് ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായ കേല ചുരമാണ്. പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കുന്ന 18,860 അടി ഉയരത്തിലുള്ള ഈ പാത ഓഗസ്റ്റ് 31-നാണ് ഉദ്ഘാടനം ചെയ്തത്.

ഞായറാഴ്ച ഇവിടേക്ക് സൈക്കിളിൽ നീങ്ങിയ അഷറഫിനെ കനത്ത മഞ്ഞുവീഴ്ചകാരണം 500 മീറ്റർ അകലെവെച്ച് സൈനികർ തിരിച്ചിറക്കി. ലഡാക്കിൽ തുടരുന്ന അഷറഫ് ലക്ഷ്യം കണ്ടേ കേരളത്തിലേക്ക് മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ്. ലോകത്തെ ഏറ്റവും അപകടംപിടിച്ച പാതകളിലൊന്നായ കശ്മീരിലെ കിഷ്‌തോറിനെയും ഹിമാചൽപ്രദേശിലെ കില്ലറിനെയും ബന്ധിപ്പിക്കുന്ന ക്ലിഫ്ഹാങ്ങറിലൂടെ യാത്രചെയ്യലാണ് വോളിബോൾതാരം കൂടിയായിരുന്ന അഷറഫിന്റെ മറ്റൊരു ലക്ഷ്യം.

ജൂലായ്‌ 16-നാണ് തൃശ്ശൂർ വടക്കാഞ്ചേരി പാർളിക്കാട് പത്താംകല്ല് തെക്കേപ്പുറത്തു വളപ്പിൽ മുഹമ്മദ് അഷറഫ് വടക്കുന്നാഥന്റെ ക്ഷേത്രമുറ്റത്തുനിന്ന് സൈക്കിളിൽ ലഡാക്കിലേക്ക് തിരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് 40 ദിവസത്തോളം കിടപ്പിലായതിനു പിന്നാലെയായിരുന്നു ഇത്.