മഴയ്ക്ക് ശേഷം നീരൊഴുക്ക് കൂടിയതോടെ നിറഞ്ഞൊഴുകി കൂടുതൽ സുന്ദരിയാണ് കോട്ടയം പള്ളിക്കത്തോടുള്ള അരുവിക്കുഴി വെള്ളച്ചാട്ടം. നൂറടി ഉയരത്തിൽ നിന്ന് പാൽനുര പതച്ച് തട്ടുതട്ടുകളായി ഒഴുകുന്ന വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി.

പാറക്കെട്ടിലിരുന്ന് സൊറ പറഞ്ഞും മനോഹാരിതയ്ക്കൊപ്പം സെൽഫിയെടുത്തും തിമിർക്കുകയാണ് സഞ്ചാരികൾ. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് തുടങ്ങി താഴെ വരെയെത്താവുന്ന പടികൾ, ഇരിപ്പിടങ്ങൾ, ചെറിയ കുടിലുകൾ, തോടിനുകുറുകേയുള്ള നടപ്പാലം തുടങ്ങി പ്രകൃതിസൗന്ദര്യം ആവോളം ഒപ്പിയെടുക്കാനാവുന്ന ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

എന്നാൽ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും സന്ദർശകർക്കായി ശുചിമുറിയുടെ അഭാവവും ഇനിയും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു.