ഓരോ ന​ഗരത്തിനും അതിന്റെ പഴമയുടെയും ചരിത്രത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാനുണ്ടാവും. അൽസീഫിൽ ദുബായ് അതിന്റെ ഇന്നലെകളെ കൊത്തിവച്ചിരിക്കുന്നു. ഏതാണ്ട് രണ്ട് കിലോമീറ്റർ വിസ്തൃതിയുണ്ട് ദുബായ് ക്രീക്കിന്റെ ഓരത്തായി ഒരുക്കിയിരിക്കുന്ന ഈ പ്രദേശത്തിന്.  ഇവിടെ വന്നാൽ പുതുമോടിയുടെ കെട്ടിടക്കാഴ്ചകൾക്കൊപ്പം ആദ്യകാല കാഴ്ചകൾ കൂടി ആസ്വദിക്കാം. സഞ്ചാരികൾക്കോരോന്നും നേരിൽക്കണ്ട് അനുഭവിക്കാം.

എല്ലാ കാഴ്ചകൾക്കും കാവലായ് ഒട്ടകങ്ങളുണ്ട്. ദുബായിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒട്ടകങ്ങൾ സ്ഥാനംപിടിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾക്ക് അകത്തേക്ക് നിയന്ത്രണങ്ങളുണ്ട്. പഴയകാലത്തെ കെട്ടിടനിർമാണശൈലി എങ്ങനെയായിരുന്നെന്ന് ഇവിടെ നിന്ന് മനസിലാക്കാം. അകത്തേക്ക് പോകുമ്പോൾ വീടുകൾ പോലുള്ള ഇടങ്ങളുണ്ട്. വലിയ തൂണുകൾ കാണാം. ഒരു നടുത്തളമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്ഥലം. 

2017-ലാണ് അൽസീഫ് യാഥാർത്ഥ്യമാവുന്നത്. ആദ്യഘട്ടമെന്ന് പറയാം. തുടർന്നുള്ള വർഷങ്ങളിൽ ഓരോന്നായി കൂട്ടിച്ചേർത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഇവിടം ഈ നാടിന്റെ വ്യാപാരമേഖലയുടെ ആസ്ഥാനമായിരുന്നു. ക്രീക്കും സമീപപരിസരങ്ങളും അത്രമേൽ സജീവമായിരുന്നു. ഇന്ന് ഈ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ആ ഇന്നലെകളുടെ അനുഭവങ്ങളാണ്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)