2020 കടന്നുപോവുകയാണ്. പ്രതിസന്ധികളുടെ കാലമാണ് കടന്നുപോവുന്നത്. 2020ല്‍ കേരളം അടയാളപ്പെടുത്തിയ സംഭവങ്ങള്‍ മാതൃഭൂമി റിപ്പോര്‍ട്ടുകളിലൂടെ...

പൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധാഗ്നിയിലാണ് 2020 കടന്ന് വന്നത്. ജെ.എന്‍.യു. കാമ്പസില്‍ തുടങ്ങിയ പ്രതിഷേധം രാജ്യമാകെ പടരുകയായിരുന്നു. 

 

മരട് ഫ്‌ളാറ്റ് പൊളിക്കല്‍

സുപ്രീംകോടതി നിര്‍ദേശ പ്രകാരം നിയമവിരുദ്ധമായി നിര്‍മ്മിച്ച എറണാകുളം മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച സംഭവം നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായി.

 

രാത്രി നടത്തം സുരക്ഷിതമോ! 

രാത്രിയിലും സ്ത്രീകള്‍ക്ക് നിര്‍ഭയം നടക്കാനാണ് ഡിസംബര്‍ 29-ന് വനിതാ-ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 'പൊതു ഇടം എന്റേതും' എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. നൂറ് കണക്കിന് സ്ത്രീകളാണ് കേരളമൊട്ടാകെ പങ്കെടുത്തത്.

തുടര്‍ന്നും ഇത്തരം ഒറ്റ നടത്തങ്ങളുണ്ടാകുമെന്നും സുരക്ഷ ശക്തമാക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് കൃത്യം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാതൃഭൂമി കോഴിക്കോട് നഗരത്തില്‍ ഒരു അന്വേഷണം നടത്തിയത്. 

രാത്രിയില്‍ ഒരാണ്‍കുട്ടി ഒറ്റയ്ക്ക് നടന്നാല്‍ എന്ത് സംഭവിക്കും? ഒരു സത്രീ ഒറ്റയ്ക്ക് നടന്നാല്‍ എന്ത് സംഭവിക്കും? ഇനി ആണും പെണ്ണും ഒരുമിച്ച് നടന്നാല്‍ എന്തായിരിക്കും സംഭവിക്കുക? മാതൃഭൂമി ടീം നടത്തിയ അന്വേഷണം. 

 

ഭീതിപടര്‍ത്തി കൊറോണ

കൊറോണ വൈറസ് ലോകമാകെ ഭീതിപടര്‍ത്തി തുടങ്ങിയതും ജനുവരിയിലാണ്. ഇന്ത്യയിലെ ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതും ജനുവരിയില്‍..  

ഡല്‍ഹിയില്‍ മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടി 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് മൂന്നാം തവണയും മിന്നുന്ന വിജയം. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

നിര്‍ഭയയ്ക്ക് നീതി

നാളുകള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നിര്‍ഭയക്ക് നീതി ലഭിച്ചു. പ്രതികളായ നാല് പേരുടെയും വധശിക്ഷ നടപ്പായതും ഇതേ വര്‍ഷമാണ്. വധശിക്ഷയ്ക്ക് തൊട്ടുമുമ്പായി പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനഃസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ് മാതൃഭൂമിയോട് പറഞ്ഞു. ആരാച്ചാര്‍ ആയതില്‍ അഭിമാനമുണ്ടെന്നും പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയാണിതെന്നും അന്ന് കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. 

 

ഡല്‍ഹി കലാപം

പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കി പത്രമായിരുന്നു 2020 ഫെബ്രുവരി 24-ന് സംഭവിച്ച ഡല്‍ഹി കലാപം. 53 പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്. നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും ചന്തകളുമെല്ലാം ക്ഷണനേരം കൊണ്ട് കലാപകാരികള്‍ അഗ്നിക്കിരയാക്കി. 


 

രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ - കൊറോണക്കാലം

കോവിഡ് മഹാമാരിയില്‍ രാജ്യം മുഴുവന്‍ ഉലഞ്ഞ കാലം. ലോക്ഡൗണും രോഗവും ഒരുപോലെ വലച്ച ദിനങ്ങള്‍. രോഗബാധിതരായവരും ജീവന്‍ നഷ്ടമായവരും തൊഴില്‍ നഷ്ടപ്പെട്ടവരും കടക്കെണിയിലായവരും തുടങ്ങി ലോകം തന്നെ ചോദ്യചിഹ്നമായി മുന്നില്‍ നിന്ന കാലം. ആ കാലം മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത് ഇങ്ങനെ.. 

 

സ്പ്രിങ്ക്‌ളര്‍​ - കോവിഡ് കാലത്തെ വിവാദം

കോവിഡ് കാലത്തും കേരളരാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയെ ചുറ്റിപ്പറ്റി കോവിഡ് കാലത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഭാവനയെന്ന് പറഞ്ഞ് ആദ്യം പലരും തള്ളി. പക്ഷേ വിവാദം പിന്നീട് ചൂടുപിടിച്ചതും പിന്നാലെ നിരവധി അഴിമതി ആരോപണങ്ങളുമാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.

 

ഓണ്‍ലൈനായ സ്‌കൂള്‍കാലം

ഇതുവരെ പരിചയമില്ലാത്ത നിരവധി കാര്യങ്ങളിലൊന്നായിരുന്നു കോവിഡ് കാലത്തെ സ്‌കൂള്‍ പഠനം. വിദ്യാലയ മുറ്റവും ക്ലാസ്മുറികളുമെല്ലാം വിരല്‍ തുമ്പിലേക്ക് മാറിയ അധ്യയന വര്‍ഷം.  


 

വീരേന്ദ്രകുമാര്‍ - സാമൂഹിക ജാഗ്രതയുടെ ഒരു യുഗം

സാമൂഹിക ജാഗ്രതയായിരുന്നു എം.പി. വീരേന്ദ്രകുമാറിന് എഴുത്ത്. അവകാശം ഹനിക്കപ്പെടുന്നവന്റെ പക്ഷത്തായിരുന്നു വാക്കുകള്‍. പരിസ്ഥിതിക്കു മേലുള്ള കരുതല്‍ കഴിഞ്ഞ പതിറ്റാണ്ടിലേ അദ്ദേഹം പറഞ്ഞു, വെള്ളത്തിന്റെ രാഷ്ട്രീയം. എം.പി. വീരേന്ദ്രകുമാര്‍ സംസാരിച്ചത് വരും തലമുറക്കു കൂടി വേണ്ടിയാണ്.

 

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷും സരിത്തും പിന്നെ കുറേ 'പ്രമുഖരും'

സ്പ്രിങ്കളറിന് പിന്നാലെയെത്തിയ സ്വര്‍ണക്കടത്ത് വിവാദം. നയതന്ത്ര സുരക്ഷയുള്ള ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവമായിരുന്നു തുടക്കം. യു.എ.ഇ. കോണ്‍സലേറ്റിന്റെ നയതന്ത്ര പാഴ്‌സല്‍ വഴി 30 കിലോ സ്വര്‍ണം കടത്തിയത് കസ്റ്റംസ് പിടികൂടിയതോടെയാണ് കള്ളക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. സ്വര്‍ണക്കടത്തില്‍ ചുക്കാന്‍ പിടിച്ച സ്വപ്ന സുരേഷുമായി ഐ.ടി. സെക്രട്ടറി ശിവശങ്കരനുള്ള ബന്ധത്തിന്റെ കഥ കൂടി പുറത്ത് വന്നതോടെ വിവാദം കത്തി. 


 

തീരാ നോവായി പെട്ടിമുടി

ഇടുക്കി രാജമലയില്‍ പെട്ടിമുടി കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍സിലെ മുപ്പത് മുറികളുള്ള നാല് ലയങ്ങളിലായി താമസിച്ച 81-ല്‍ അധികം പേര്‍ മലവെള്ളത്തിനൊപ്പം ഒലിച്ചുപോയി. കവളപ്പാറ ദുരന്തം ഒരാണ്ട് പിന്നിടുന്നതിന്റെ തൊട്ടു തലേന്നാള്‍ (ഓഗസ്റ്റ് 7) കേരളം മറ്റൊരു ദുരന്തത്തിനാണ് സാക്ഷിയായത്. ഉറക്കത്തിലായിരുന്നതിനാല്‍ ആളുകളില്‍ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. ശബ്ദം കേട്ടിറങ്ങിയോടിയ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒമ്പത് പേര്‍ രാജമല ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മാത്രമാണ് വിവരം പുറംലോകമറിയുന്നത്

 

കരിപ്പൂര്‍ വിമാനദുരന്തം 

ഓഗസ്റ്റ് ഏഴിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് പൈലറ്റുമാരടക്കം 19 ജീവനുകളാണ്. 'വന്ദേ ഭാരത്' ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് 190 യാത്രക്കാരുമായാണ് വിമാനം എത്തിയത്. മാസ്‌കും രണ്ടുമീറ്റര്‍ അകലവും മറന്ന് മഴയിലും കൈ മെയ് മറന്ന് നാട്ടുകാര്‍ ഒരുമിച്ചതും അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനായതുമാണ് മരണ സംഖ്യ കുറച്ചത്. 

 

വേദനയായി ഹാഥ്‌റസ് പെണ്‍കുട്ടി

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വാര്‍ത്ത നാം മറന്നിട്ടില്ല. ജാതിരാഷ്ട്രീയത്തിന്റെ ക്രൂരമുഖം വെളിവാക്കിയ സംഭവം നടന്ന് ദിവസങ്ങള്‍ നീണ്ട സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തു. 

 

കാര്‍ഷിക ബില്‍ നിയമമായപ്പോള്‍

ഏറെ പ്രതിഷേധങ്ങള്‍ക്കിടയിലും വിവാദ കാര്‍ഷികബില്‍ കേന്ദ്രസര്‍ക്കാര്‍ നിയമമാക്കി.


 

ഡിജിറ്റല്‍ മീഡിയയില്‍ വാര്‍ത്തകള്‍ക്കും നിയന്ത്രണം

ഡിജിറ്റല്‍ മാധ്യമങ്ങളെ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഓണ്‍ലൈന്‍ വാര്‍ത്തകളും വെബ്‌സീരീസുകളുമെല്ലാം ഇനി കേന്ദ്രനിയമത്തിന് കീഴിലാവുകയാണ്. 

 

കര്‍ഷകസമരം; അതിജീവനത്തിന്റെ പോരാട്ടം

അതിജീവനത്തിനായുള്ള പോരാട്ടമാണ് ഡല്‍ഹി ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്, നമുക്ക് അന്നമൂട്ടുന്ന കര്‍ഷകരുടെ പോരാട്ടം. മൂന്ന് കാര്‍ഷിക ബില്ലുകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കുമെന്ന് മനസിലായതോടെയാണ്  അവര്‍ സംഘടിച്ചത്. 'പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുക' എന്ന ചരിത്രത്തിലെ പ്രതിഭാസങ്ങളുടെ തനിയാവര്‍ത്തനം. കോവിഡിനും അതിശൈത്യത്തിനും വീര്യം കുറയ്ക്കാനാവാത്ത പോരാട്ടം.

 

കോവിഡിലും ആവേശം ചോരാതെ തദ്ദേശ തിരഞ്ഞെടുപ്പ്

കോവിഡ് കാലത്ത് ഏറെ പ്രത്യേകതകളോടെ നടന്ന തിരഞ്ഞെടുപ്പ്. യുവാക്കളുടെ പ്രാതിനിധ്യം മുന്‍പില്ലാത്ത വിധം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ പ്രതിഫലിച്ച തിരഞ്ഞെടുപ്പ്. 

 

28 വര്‍ഷത്തിന് ശേഷം അഭയയ്ക്ക് നീതി 

അനീതി കൊടികുത്തിവാഴുന്ന കെട്ട കാലത്ത് നീതിപീഠം ഒരിക്കല്‍ കൂടി അതിന്റെ കരുത്ത് കാട്ടി. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും ശിക്ഷ ലഭിച്ചു.  


 

ഭീതി പടര്‍ത്തി ജനിതകമാറ്റം വന്ന കൊറോണ വൈറസ്

ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് ലോകത്ത് പുതിയൊരു പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ജനിതക മാറ്റം സംഭവിച്ച ഈ പുതിയ കൊറോണ വൈറസിന് നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപന ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. 

Content Highlight: Year Ender 2020 Important Happenings in 2020 Major throwbacks of 2020 Things to remember in 2020