പെട്ടിമുടി, 70പേരുടെ ഉയിരെടുത്ത മണ്ണ്,  ഉരുള്‍പ്പൊട്ടലുണ്ടായി ഒരുവര്‍ഷത്തിനിപ്പുറവും മുടങ്ങാതെ ഇവിടെ വന്നുപോകുന്ന ഒരാളുണ്ട്. പെട്ടിമുടിയോളം തകര്‍ന്ന മനസ്സുള്ള ഒരാള്‍... ഷണ്‍മുഖനാഥന്‍, പെട്ടിമുടിയിലേക്ക് മാതൃഭൂമി ഡോട്ട് കോം നടത്തിയ യാത്രയില്‍ അദ്ദേഹത്തെ ഞങ്ങള്‍ കണ്ടു. അദ്ദേഹം ഞങ്ങളോട് ദീര്‍ഘനേരം സംസാരിച്ചു. പെട്ടിമുടിയില്‍ ജീവന്‍ ഉരുളെടുത്തവരില്‍ ഷണ്‍മുഖനാഥന്റെ രണ്ട് മക്കളുമുണ്ടായിരുന്നു. ദിനേഷ് കുമാറും നിധീഷ്‌കുമാറും.

മൂന്നാറിലെ വീട്ടില്‍ നിന്നും ബന്ധുവിന്റെ കുട്ടിയുടെ പിറന്നാളിന് കേക്ക് സമ്മാനിക്കാണ് ഇരുവരും പെട്ടിമുടിയിലേക്ക് പോയത്.  ദുരന്തമുണ്ടായി നാളിത്രയായിട്ടും മക്കള്‍ മരിക്കാനായി പെട്ടിമുടിയില്‍ പോയപോലെയെന്ന് പറഞ്ഞ് വിതുമ്പുന്നുണ്ട് ഷണ്‍മുഖനാഥന്റെ ഭാര്യ മഞ്ജുള. 

രണ്ട് മക്കളെ സന്തോഷത്തോടെയാത്രയാക്കിയ ആ അമ്മയ്ക്ക് തിരിച്ച് കിട്ടിയത് മണ്ണില്‍പൊതിഞ്ഞ ഇളയമകന്റെ മൃതദേഹം മാത്രം. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നാല് പേരുടെ കൂട്ടത്തില്‍ ഒരാള്‍ ഇവരുടെ മൂത്തമകന്‍ ദിനേഷ് കുമാറാണ്. ആറ് മാസം പകലന്തിയോളം തെരഞ്ഞിട്ടും ഷണ്‍മുഖനാഥന്‌ ദിനേഷിനെ കണ്ടെത്താനായില്ല, ഒടുവില്‍ രാമേശ്വരത്ത് പോയി മക്കളുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തു. പക്ഷെ മൂന്നാറില്‍ നിന്ന് പെട്ടിമുടിയിലേക്കുള്ള യാത്ര ഷണ്‍മുഖനാഥന്‍ അവസാനിപ്പിച്ചിട്ടില്ല, പാറക്കൂട്ടങ്ങള്‍ക്കിടയിലെവിടെയോ തന്റെ മകന്‍ മറഞ്ഞുകിടപ്പുണ്ടെന്ന് തന്നെയാണ് ഷണ്‍മുഖനാഥന്‍ ഇപ്പോളും വിശ്വസിക്കുന്നത്. ഉയിരുള്ള കാലത്തോളം പെട്ടിമുടിയിലേക്കുള്ള യാത്ര മുടക്കില്ലെന്ന് പറയുന്നു ഷണ്‍മുഖനാഥന്‍, കാരണം മൂത്തമകനുള്ളത് ആ മണ്ണിലല്ലേ,