ഒരു വാശിയുടെ പുറത്ത് തുടങ്ങിയതായിരുന്നു ലക്ഷ്മി എന്ന പെൺകുട്ടിയുടെ കശ്മീർ യാത്ര. പൾസർ ബൈക്കിൽ, ഒറ്റക്ക്. അതിനിടെ കനത്ത മഴ, പ്രളയം. കടുത്ത നിരാശ മറി കടന്ന യാത്ര. കേരള ടു കശ്മീർ യാത്ര. ഒരു വർഷം മുമ്പാണ് മാതൃഭൂമി ഡോട്ട് കോം ലക്ഷ്മിയുടെ കശ്മീർ യാത്രയുടെ വിശേഷങ്ങൾ നിങ്ങളുടെ മുന്നിലെത്തിച്ചത്. അറുപത് ലക്ഷത്തോളം പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും മാതൃഭൂമി ഡോട്ട് കോമിലുമായി ഈ വീഡിയോ കണ്ടത്.

കേരളത്തില്‍ നിന്നും മണാലി, ലേ, ലഡാക്ക് വഴി കര്‍ദൂംഗ് ലാ പാസ് വരേയും പിന്നെ കശ്മീര്‍ വരെയും നടത്തിയ സോളോ റൈഡിന്റെ വിശേഷങ്ങള്‍ ഒന്നു കൂടി നിങ്ങളുടെ മുന്നിലെത്തുകയാണ്. മലയിടിച്ചിലും പേമാരിയും കൊടുംമഞ്ഞും കടന്നായിരുന്നു യാത്ര. ഒപ്പം യാത്രയിലുടനീളം അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളുമുണ്ട്. പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നുമാണ് ലക്ഷ്മി എന്ന 29 കാരി യാത്ര തുടങ്ങിയത്.

 ഇന്ത്യയുടെ പടിഞ്ഞാറുവഴി രാജസ്ഥാനിലെത്തി, അവിടുന്ന് ഡല്‍ഹിയില്‍ വന്ന ശേഷമായിരുന്നു ഹിമാലയന്‍ അത്ഭുത ദേശങ്ങളിലേക്കുള്ള യാത്ര. ലഡാക്കിലേക്കുള്ള യാത്ര സ്വര്‍ഗത്തിലേക്കുള്ള യാത്ര തന്നെയാണ് എന്നാല്‍ അത് കല്ലും മുള്ളും നിറഞ്ഞതാണെന്ന് ലക്ഷ്മി വിശദീകരിക്കുന്നു. ഇത്രയും ദിവസം കൊണ്ട് ലക്ഷ്മി സഞ്ചരിച്ചത് 11400+ കിലോമീറ്ററാണ്.