തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഒരപൂര്‍വ്വ സൗഹൃദമാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഭാമയെന്ന ഒന്നര വയസുകാരിയും ഉമയെന്ന ആനയുമാണ് ആ അപൂര്‍വ്വ സുഹൃത്തുക്കള്‍. ഭാമക്കുട്ടി പിച്ചവെച്ച് പഠിച്ചത് ഉമയുടെ തുമ്പിക്കൈ പിടിച്ചാണ്. ഉറക്കമുണര്‍ന്നാല്‍  ബിസ്‌ക്കറ്റും തേങ്ങയുമൊക്കെയായാണ് ഭാമക്കുട്ടി ഉമയുടെ അടുത്തേക്ക് വരിക. കുറുമ്പ് കാണിച്ചാല്‍ ഉമയെ അടക്കി നിര്‍ത്താന്‍ ഒരു കൊച്ചുവടിയും ഭാമക്കുട്ടിയുടെ കൈയിലുണ്ട്. 

ഭാമയുടെ അച്ഛന്‍ മഹേഷ് കൃഷ്ണന്‍ എട്ട് വര്‍ഷം മുമ്പ് കോട്ടയത്ത് നിന്ന് കൊണ്ടുവന്നതാണ് ഉമാ ദേവി എന്ന ആനയെ. 35 വയസുണ്ട് ഇപ്പോള്‍ ഉമയ്ക്ക്. ആറ്റിങ്ങല്‍ കുട്ടനും മകന്‍ ശ്രീക്കുട്ടനുമാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ഉമയെ വഴിതെളിക്കുന്നത്. മഹേഷിന്റെ സുഹൃത്തായ വിഷ്ണു ടിക് ടോക്കിലിട്ട ഭാമയുടെയും ഉമയുടെയും വീഡിയോയിലൂടെയാണ് ഈ അപൂര്‍വ്വ സൗഹൃദം പുറംലോകം അറിയുന്നത്.