മാസ്റ്റർ പ്ലാൻ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വിളിച്ചുകൂട്ടിയ കൗൺസിൽ യോഗം സംഘർഷത്തിൽ പിരിഞ്ഞു. ഡയസിൽ കയറിയ പ്രതിപക്ഷം കസേരയിൽനിന്ന് തള്ളിയിറക്കിയെന്നും അടികിട്ടാതെ രക്ഷപ്പെടുകയായിരുന്നെന്നും മേയർ എം.കെ. വർഗീസ്. ജനാധിപത്യധ്വംസനത്തിൽ പ്രതിഷേധിച്ച് സഭയിൽ രാപകൽസമരം പ്രഖ്യാപിച്ചിരിക്കുകയാണ് യു.ഡി.എഫ്. മേയറുടെ ഔദ്യോഗിക ചേംബറിനു മുന്നിൽ രാപകൽ കുത്തിയിരിപ്പിലാണ് ബി.ജെ.പി. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന ആവശ്യമുയർത്തിയാണ് പ്രതിപക്ഷം യോഗം ആവശ്യപ്പെട്ടത്. അജൻഡ വായിച്ചതിനു പിന്നാലെ പ്രതിപക്ഷത്തിന്റെ ആവശ്യം ചട്ടങ്ങളുദ്ധരിച്ച് മേയർ നിഷേധിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എഴുതിത്തയ്യാറാക്കിയ വിശദീകരണത്തിൽ യോഗം പിരിച്ചുവിടുകയാണെന്നു പറഞ്ഞതോടെ കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റു.