ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ഷിപ്പ് ബഹിരാകാശ റോക്കറ്റിന്റെ പരീക്ഷണം ഭാഗിക വിജയം. 10 കിലോ മീറ്റര്‍ ഉയരത്തില്‍നിന്നു ഭൂമിയില്‍ തിരികെ ഇറക്കാനുള്ള പരീക്ഷണമാണ് നടത്തിയത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി. സ്റ്റാര്‍ഷിപ്പിന്റെ എസ്എന്‍ 10 പ്രോട്ടോ ടൈപ്പ് പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിന് മുമ്പ് നടന്ന എസ്ന്‍ 8, എസ്എന്‍ 9 പ്രോട്ടോ ടൈപ്പുകളുടെ ലാന്റിങ് പരീക്ഷണം സമ്പൂര്‍ണ പരാജയമായിരുന്നു. 

താഴെയിറക്കാനുള്ള ശ്രമത്തിനിടെ താഴെ വീണ് രണ്ട് പേടകവും പൂര്‍ണമായും കത്തിനശിച്ചിരുന്നു. എന്നാല്‍, ഇത്തവണ ലോഞ്ച് പാഡില്‍ തിരികെ ഇറക്കുന്നതില്‍ ഗവേഷകര്‍ വിജയം കണ്ടു. താഴെ ഇറങ്ങിയ റോക്കറ്റിന് പൊടുന്നനെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ഇത്തവണ എന്താണ് സംഭവിച്ചത് എന്ന് സ്പേസ് എക്സ് വിശദമാക്കിയിട്ടില്ല. 'ഒറ്റ കഷ്ണമായി സ്റ്റാര്‍ഷിപ്പ് 10 ലാന്റ് ചെയ്തു' എന്നാണ് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്.