ഇന്ത്യയില്‍ ജനപ്രീതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പബ്ജി മൊബൈല്‍ എന്ന സ്മാര്‍ട്‌ഫോണ്‍ ഗെയിമിന് ഇന്ത്യ നിരോധനം പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍ വിതരണത്തിനെത്തിച്ചത് ടെന്‍സെന്റ് എന്ന ചൈനീസ് കമ്പനിയായതാണ് പബ്ജിയ്ക്ക് വെല്ലുവിളിയായത്. ഇപ്പോള്‍ ചൈനീസ് ബന്ധം ഉപയോഗിച്ച് ഇന്ത്യയ്ക്കനുയോജ്യമായ വിധത്തില്‍ വിപണിയില്‍ തിരികെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഗെയിമിനെ തിരികെ എത്തിക്കാനായിരുന്നു നേരത്തെയുള്ള ശ്രമം. എന്നാല്‍ ഇപ്പോള്‍ പബ്ജിയെന്ന പേര് പൂര്‍ണമായും മാറ്റി ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നാക്കിയിരിക്കുകയാണ്. യൂട്യൂബില്‍ ഇതിന്റെ ടീസര്‍ വീഡിയോ ഒറ്റ ദിവസം കൊണ്ടാണ് 5.9 മില്യണ്‍ കടന്നത്. ഗെയിമിന്റെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ടീസറിന് ലഭിച്ച ഈ സ്വീകാര്യത. ഗെയിം എന്ന് പുറത്തിറക്കുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല. അധികൃതരില്‍ നിന്നുള്ള അനുമതി കാത്തിരിക്കുകയാണ് കമ്പനി.