ഇന്‍സ്റ്റഗ്രാം ഇനിയൊരു ഫോട്ടോഷെയറിങ് ആപ്പ് അല്ല. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഇത് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ടിക് ടോക്ക്, യൂട്യൂബ് എന്നിവയോട് മത്സരിക്കുന്നതിനായി വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ആളുകള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നത് വിനോദത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്‍സ്റ്റഗ്രാമിനെ പൊതുവായി വിനോദത്തിനുള്ള ഇടമാക്കി മാറ്റാനാണ് തങ്ങളുടെ ശ്രമമെന്നും ആദം മൊസേരി പറഞ്ഞു.