ക്രിക്കറ്റിങ് ഷോട്ടുകള്‍ അതിന്റെ പൂര്‍ണതയോടെ കളിക്കുന്ന ഒരു എട്ടു വയസുകാരന്റെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കവര്‍ ഡ്രൈവുകളും സ്‌ട്രെയ്റ്റ് ഡ്രൈവുകളും ഫ്‌ളിക്ക് ഷോട്ടുകളുമെല്ലാം അനായാസം കളിക്കുന്ന ആ പയ്യന്‍ ഇതാ ഇവിടെയുണ്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് തൊട്ടടുത്ത്. 

വിഘ്‌നജ് പ്രജിത്ത്, ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഫിനാന്‍സ് മാനേജറായ പ്രജിത്തിന്റെയും അഭിഭാഷകയായ വിദ്യയുടെയും മകന്‍. തൃശൂര്‍ പ്രസ് ക്ലബ്ബ് റോഡിലെ ടോപ് ഹോംസ് ഫ്‌ളാറ്റിലാണ് ഈ കുട്ടിക്രിക്കറ്ററുടെ താമസം. വിഘ്‌നജ് ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ അച്ഛന്‍ പ്രജിത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് കുട്ടിക്രിക്കറ്റര്‍ താരമാകുന്നത്. 

തൃശൂര്‍ അമൃത വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ വിഘ്‌നജ് ചിട്ടയായ പരിശീലനത്തിലൂടെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുകയാണ്.