അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ലോകചാമ്പ്യനായ ഹിമാ ദാസ് അസം പോലീസില്‍ ഡി.എസ്.പി.യായി നിയമിതയായി. ഗുവാഹാട്ടിയില്‍ നടന്ന ചടങ്ങിലാണ് ഹിമയെ അസം പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റായി നിയമിച്ചത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ നിയമന ഉത്തരവ് കൈമാറി. സംസ്ഥാന സര്‍ക്കാരിലെയും പോലീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ചെറുപ്പം മുതല്‍ കണ്ട സ്വപ്‌നം സഫലമായതായി ഹിമ ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. ചെറുപ്പം മുതല്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാകാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ പോലീസിലേക്ക് നിയമനം ലഭിച്ച ഈ നിമിഷം ഏറെ പ്രിയപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ പുരോഗതിക്കായി വീഴ്ചയില്ലാതെ പ്രയത്‌നിക്കുകയും അതിനോടൊപ്പം കായിക ജീവിതവും മുന്നോട്ട് കൊണ്ടുപോകും - ഹിമാ ദാസ് പറഞ്ഞു.