മോശം ഫോമിന്റെ പേരില്‍, ഒരു ഐ.പി.എല്‍. കിരീടം സമ്മാനിച്ചവനെന്ന നന്ദി പോലും കാണിക്കാതെ ഡേവിഡ് വാര്‍ണറെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പടിയടച്ച് പുറത്താക്കി. പക്ഷേ അയാള്‍ക്ക് ആ ടീമിനോട് കടപ്പാടും ബാധ്യതയും ഉണ്ടായിരുന്നു. നാണക്കേട് നോക്കാതെ, ശേഷിച്ച മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞ് പതാക വീശി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. 

ലോകകപ്പ് ടീമില്‍ ഇടം നേടിയപ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നേരെ വിമര്‍ശനങ്ങളുയര്‍ന്നു. പ്രായം 35 കടന്ന, ഫോമിന്റെ നിഴല്‍വെട്ടം കാണിക്കാത്ത വാര്‍ണറെ വിശ്വാസത്തിലെടുക്കരുതെന്നായിരുന്നു അഭിപ്രായം. പക്ഷേ, ലോകകപ്പില്‍ അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചു. സെമിയിലും ഫൈനലിലും നിര്‍ണായക പ്രകടനങ്ങള്‍. ആകെ 289 റണ്‍സുമായി ടൂര്‍ണമെന്റിലെ താരത്തിനുള്ള പുരസ്‌കാരവും വാര്‍ണര്‍ സ്വന്തമാക്കി.