സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. റൊണാള്‍ഡോ ക്ലബ്ബിലേക്ക് എത്തുന്ന കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ക്ലബ്, യുവന്റസുമായി ധാരണയിലെത്തിയെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കി. 

രണ്ട് വര്‍ഷത്തേക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍. യുവന്റസുമായുള്ള കരാര്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് താരത്തിന്റെ ക്ലബ് മാറ്റം. 'വീട്ടിലേക്ക് സ്വാഗതം' എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വീറ്റ് ചെയ്തു. 

നേരത്തെ, യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അലെഗ്രി ക്രിസ്റ്റ്യാനോ ടീം വിടുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം വരെ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കാണെന്നായിരുന്നു സൂചന. താരത്തിന്റെ ഏജന്റുമായി മാഞ്ചെസ്റ്റര്‍ സിറ്റി ആശയമവിനിമയം നടത്തുകയും ചെയ്തിരുന്നു.